ആ കണ്ടെത്തൽ മനുഷ്യരാശിയെ ഞെട്ടിച്ചു! പതിറ്റാണ്ടുകളായി ശാസ്ത്രലോകം നടത്തിയ അന്വേഷണത്തിന് ഉത്തരമായി. അതേ, ഗവേഷകർ ചൊവ്വ എന്ന ചുവന്ന ഗ്രഹത്തിൽ 'ജലത്തിന്റെ കൈയൊപ്പ്' കണ്ടെത്തിയിരിക്കുന്നു! ചൊവ്വയിൽ ജീവനുണ്ടായിരുന്നോ എന്ന അന്വേഷണത്തിൽ വലിയ വഴിത്തിരിവാകും പുതിയ കണ്ടെത്തലെന്ന് യുഎസ് ബഹിരാകാശ ഏജൻസി നാസ വ്യക്തമാക്കി.
ചൊവ്വയിലെ ജെസീറോ ക്രേറ്ററിൽ നടത്തിയ പര്യവേഷണത്തിലാണ് നാസയുടെ പെർസിവീയറൻസ് റോവർ ആഗ്നേയശിലകൾ കണ്ടെത്തിയത്. തുടർന്നു നടത്തിയ ഗവേഷണങ്ങളാണു ജലത്തിന്റെ സാന്നിധ്യത്തിലേക്കുള്ള സൂചനകൾ നൽകിയത്. നേരത്തെ, വിചാരിച്ചിരുന്നതുപോലെ മണ്ണും ധാതുക്കളും അടിഞ്ഞുകൂടിയുണ്ടായ അവസാദശിലകൾക്കു പകരം അഗ്നിപർവത സ്ഫോടനങ്ങളിലൂടെ പുറത്തുവന്ന ലാവ അല്ലെങ്കിൽ മാഗ്മ തണുത്തുറഞ്ഞുണ്ടാകുന്ന ആഗ്നേയശിലകളാണ് പെർസിവീയറൻസ് റോവർ കണ്ടെത്തിയത്. പ്രാചീന കാലത്ത് ഈ പാറകളിൽ കുറഞ്ഞതു മൂന്നു ഘട്ടങ്ങളിലെങ്കിലും ജലത്തിന്റെ സാന്നിധ്യം ഉണ്ടായിരുന്നതായി ശാസ്ത്രജ്ഞർ സ്ഥിരീകരിച്ചു.
പെർസിവീയറൻസ് റോവറിലെ 'സൂപ്പർക്യാം' എന്ന ഉപകരണത്തിന്റെ സഹായത്തോടെയാണു ഗവേഷകർ നിർണായക കണ്ടെത്തൽ നടത്തിയത്. റോവറിൽനിന്ന് ലേസർ രശ്മികൾ തൊടുത്തുവിട്ട് പാറകളുടെ രാസഘടന വിശകലനം ചെയ്യുന്ന സാങ്കേതികവിദ്യ ഉപയോഗിച്ച് 185-ലേറെ പാറകളാണ് റോവർ വിശദമായി പഠിച്ചത്. ജെസീറോ ക്രേറ്ററിലെ 'മാർജിൻ യൂണിറ്റ്' എന്നു വിളിക്കപ്പെടുന്ന ഭാഗം പ്രാചീന കാലത്തെ ജലസ്രോതസുകളുടെ സംഗമകേന്ദ്രമായിരുന്നുവെന്നു പഠനങ്ങളിൽ വ്യക്തമായതായും ശാസ്ത്രജ്ഞർ പറഞ്ഞു.
ഉയർന്ന പ്രദേശങ്ങളിൽ റോവർ കണ്ടെത്തിയ പാറകളിൽ മാഗ്മ തണുത്തുറഞ്ഞുണ്ടാകുന്ന ഒലിവിൻ എന്ന ധാതുവിന്റെ സാന്നിധ്യം കണ്ടെത്തിയെങ്കിലും അവിടെ ജലത്തിന്റെ സാന്നിധ്യം കുറവായിരുന്നു. എന്നാൽ, താഴ്ന്ന പ്രദേശങ്ങളിൽ ഒലിവിൻ ധാതുക്കൾക്കിടയിൽ കാർബണേറ്റ്, സിലിക്ക എന്നിവയുടെ സാന്നിധ്യം കണ്ടെത്താൻ കഴിഞ്ഞു. ഭൂമിയിൽ ഒലിവിനുമായി ജലം സമ്പർക്കത്തിൽ വരുമ്പോൾ ഉണ്ടാകുന്ന രാസപ്രവർത്തനം ഹൈഡ്രജൻ പുറത്തുവിടുകയും, ഇതു സൂക്ഷ്മജീവികൾക്ക് ആവശ്യമായ ഭക്ഷണം നൽകുകയും ചെയ്യാറുണ്ട്. അതിനാൽ അവിടെ കാണപ്പെട്ട കാർബണേറ്റും സിലിക്കയും പ്രാചീനകാലത്ത് ചൊവ്വയിൽ ജീവന്റെ സാന്നിധ്യം ഉണ്ടായിരുന്നോ എന്ന തിരച്ചിലിൽ വലിയ വഴിത്തിരിവാകുമെന്നാണു നാസയിലെ ഗവേഷകർ കരുതുന്നത്.